കറന്റ് യുദ്ധം!

ക്രിസ്റ്റഫര്‍ നോലന്‍ സംവിധാനം ചെയ്ത ‘ദി പ്രെസ്റ്റീജ്‘ എന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന വൈരികളായ രണ്ടു മജീഷ്യന്മാരുടെ കഥ പറയുന്നതായിരുന്നു. ഈ സാങ്കല്പിക കഥയില്‍ പക്ഷെ രണ്ടു യഥാര്‍ത്ഥ മാന്ത്രികര്‍ കടന്നു വരുന്നുണ്ട്. ‘മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍’ എന്നറിയപ്പെട്ട തോമസ്‌ ആല്‍വാ എഡിസണും ‘പടിഞ്ഞാറിന്റെ മാന്ത്രികനായ’ നികോള ടെസ്ലയും തമ്മിലുള്ള ശത്രുത ചിത്രത്തില്‍ ചെറുതായി അവതരിപ്പിക്കുന്നുണ്ട്.

ആയിരത്തിലേറെ പേറ്റന്റുകളുമായി, ലോകത്തിലെ തന്നെ മികച്ച ഉപജ്ഞാതാവെന്ന ഖ്യാതിയുമായി എഡിസണ്‍ ചരിത്ര താളുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിലേറെ പ്രതിഭാശാലിയായിരുന്ന നികോള ടെസ്ല അവഗണിക്കപ്പെട്ടു. ടെസ്ലക്ക് ചരിത്രത്തില്‍ സ്ഥാനം ലഭിക്കാതിരിക്കാന്‍ വേണ്ടതെല്ലാം എഡിസണ്‍ മനമറിഞ്ഞു ചെയ്തു.

ഡയറക്റ്റ് കറന്റ്‌ വക്താവായ എഡിസണും ആൾട്ട൪ണേറ്റി൦ഗ് കറന്റിനെ അനുകൂലിക്കുന്ന ജോര്‍ജ് വെസ്റ്റിംഗ്ഹൌസ്-ടെസ്ല സഖ്യവും തമ്മിലുള്ള ശത്രുത പില്‍ക്കാലത്ത് ‘കറന്റ് യുദ്ധം’ എന്ന് തന്നെ അറിയപ്പെട്ടു.
അവസാന വിജയം ടെസ്ലക്കൊപ്പമായിരുന്നുവെങ്കിലും അദ്ദേഹത്തെ കരി വാരി തേക്കുന്നതില്‍ എഡിസണ്‍ കുറെയേറെ വിജയിച്ചു.


ക്രോയെഷ്യയില്‍ ജനിച്ച ടെസ്ലക്ക് അനിതരസാധാരണമായ ഓര്‍മശക്തി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ബുഡാപെസ്റ്റിലെ ആദ്യ ടെലിഫോണ്‍ സംവിധാനത്തിന്റെ എഞ്ചിനീയര്‍ ആയതിനു ശേഷം 1882 ല്‍ പാരീസില്‍ ‘കോണ്ടിനെന്റല്‍ എഡിസണ്‍ കമ്പനിയില്‍’ പ്രവേശിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം ന്യൂ യോര്‍ക്കില്‍ എത്തിയ ടെസ്ലയെ എഡിസണ്‍ തന്റെ കമ്പനി ആയ എഡിസണ്‍ മെഷീന്‍ വര്‍ക്സില്‍ എടുത്തു. കമ്പനിയിലെ മെഷീനുകള്‍ കാര്യക്ഷമത വര്‍ധിക്കുന്ന രീതിയില്‍ വീണ്ടും രൂപകല്‍പന ചെയ്‌താല്‍ 50000 ഡോളര്‍ നല്‍കാമെന്ന വാഗ്ദാനവും എഡിസണ്‍ നല്‍കി. എന്നാല്‍ പിന്നീട് പണമന്വേഷിച്ചപ്പോള്‍ അതൊരു തമാശ പറഞ്ഞതാണെന്നായി എഡിസണ്‍. രാജി വെച്ച ടെസ്ല എ സി പോളിഫേസ് സിസ്റ്റം വികസിപ്പിക്കുന്നതില്‍ മുഴുകി.

തുടര്‍ന്നാണ്‌ വൈദ്യുതി വിതരണത്തില്‍ എഡിസനുമായി യുദ്ധമുണ്ടാകുന്നത്. വൈദ്യുത ബള്‍ബുകള്‍ പ്രധാന ലോഡ് ആയിരുന്ന അക്കാലത്ത് ഡി സി ഉപയോഗിച്ചുള്ള ഒരു വിതരണ സംവിധാനവും അതിന്റെ ഉപയോഗം അളക്കാനുള്ള മീറ്റും ഒക്കെ വികസിപ്പിച്ചു സ്ഥിരമായ ഒരു വരുമാന മാര്‍ഗവും സൃഷ്ടിച്ചു കഴിഞ്ഞിരുന്ന എഡിസണ്‍ ടെസ്ലയുടെ മെച്ചപ്പെട്ട സംവിധാനം അംഗീകരിച്ചു കൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു.
സ്ഥിരമായ ഒരു വോൾട്ടേജില്‍ വിതരണം നടത്തിയിരുന്ന ഡി സി യില്‍ കൂടുതല്‍ ചെമ്പ് കമ്പികള്‍ ആവശ്യമുള്ളതിനു പുറമേ പ്രസരണ നഷ്ടവും കൂടുതലായിരുന്നു. എ സി ആകട്ടെ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് വോൾട്ടേജ് കൂട്ടാനും കുറയ്ക്കാനും സാധിക്കുമെന്നതിനാല്‍, ഉയര്‍ന്ന വോൾട്ടേജില്‍ വിതരണം നടത്തുകയും ഉപഭോഗത്തിനായി വോൾട്ടേജ് കുറയ്ക്കാനും സാധിക്കുമെന്നായി.

കാര്യങ്ങള്‍ കൈ വിട്ടു പോകുമെന്ന് ഉറപ്പായതോടെ എഡിസണ്‍, ടെസ്ലക്കും എ സി ക്കുമെതിരെ പ്രചരണം തുടങ്ങി. ആൾട്ട൪ണേറ്റി൦ഗ് കറന്റ് അപകടകാരിയാണെന്ന് കാണിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ നാടെങ്ങും ഉയര്‍ന്നു. എഡിസണും സംഘവും ചേര്‍ന്ന് പട്ടിയും പൂച്ചയും ഉള്‍പ്പടെയുള്ള മൃഗങ്ങളെ കരണ്ടടിപ്പിച്ചു കൊന്നു. ‘ടോപ്സി’ എന്ന ഒരു സര്‍ക്കസ് ആനയെ ഷോക്കടിപ്പിച്ചു കൊല്ലുന്നത് എഡിസണും സംഘവും ഷൂട്ട്‌ ചെയ്തു വെച്ചു.ആൾട്ട൪ണേറ്റി൦ഗ് കറന്റിനോടുള്ള എഡിസന്റെ വിദ്വേഷം ഇലക്ട്രിക്‌ ചെയറിന്റെ കണ്ടുപിടുത്തത്തിന് വഴി തെളിച്ചു.നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്ന് ടെസ്ലയുടെ രീതിയില്‍ കറന്റ്‌ ഉത്പാദിപ്പിക്കുകയും അതൊരു വിജയം ആവുകയും ചെയ്തതോടെ കറന്റ് യുദ്ധത്തിനു വിരാമമായി.

ടെസ്ലയുടെ സ്വഭാവ വൈചിത്രവും അദ്ദേഹത്തെ ആളുകളില്‍ നിന്ന് അകറ്റിയിട്ടുണ്ടാവാം. അധികം സംസാരിക്കാത്ത, അവിവാഹിതനായി ജീവിച്ച ടെസ്ല മൂന്നു കൊണ്ട് ഹരിക്കാവുന്ന സംഖ്യ ഉള്ള ഹോട്ടല്‍ മുറികള്‍ മാത്രമേ തിരഞ്ഞെടുത്തിരുന്നുള്ളു.

154 ാമത്തെ ജന്മദിനമാഘോഷിക്കുന്ന, അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ആ മഹാ പ്രതിഭയ്ക്ക് വേണ്ടി ‘നികോള ടെസ്ല മൂവ്മെന്റില്‍’ പങ്കു ചേരൂ.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ…

http://www.facebook.com/teamtesla

http://www.cafepress.com/teamtesla

http://twitter.com/team_tesla