വരുന്നു…ഐ സ്ലേറ്റ്!

എല്ലാവരും കാത്തിരിക്കുകയാണ്…ജനുവരി 27 നു സാന്‍ ഫ്രാന്‍സിസ്കോയില്‍ വെച്ച് നടക്കാന്‍ പോകുന്ന ആപ്പിളിന്റെ പത്ര സമ്മേളനത്തിനായി…
ഐ പാഡ്, ഐ സ്ലേറ്റ്, ആപ്പിള്‍ ടാബ് ലെറ്റ്‌ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിയപ്പെട്ടിരുന്ന, ആപ്പിള്‍ ഇത്രയും നാള്‍ കൊണ്ട് രഹസ്യമായി വികസിപ്പിച്ചെടുത്ത ആ ‘ഉപകരണത്തെ’ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അതോടെ പുറത്തു വരുമെന്ന് കരുതുന്നു…
അമിത വളര്‍ച്ചയെത്തിയ ഒരു ഐ പോഡ് പോലെ, 7-9 ഇഞ്ച്‌ ഉള്ള ടച് സ്ക്രീന്‍ ഉപകരണമാണെന്നാണ് പൊതുവേയുള്ള അനുമാനം. ഹൈ ഡെഫിനിഷന്‍ സിനിമകളും കുറെ ഗെയിംസും കളിയ്ക്കാന്‍ പര്യാപ്തമായ ഒന്ന്.
സാമ്പത്തിക മാന്ദ്യം ഇങ്ങനെ മൂത്ത് നില്‍ക്കുമ്പോള്‍ 700-1000 ഡോളര്‍ കൊടുത്തു ഇത് മേടിക്കാനും മാത്രം ‘ഓളം’ ആര്‍ക്കെങ്കിലും ഉണ്ടാകുമോ എന്നാണ് ദോഷൈകദൃക്കുകള്‍ ചോദിക്കുന്നത്…
ഒരു മധ്യവര്‍ത്തി മുഖേന iSlate.com എന്ന ഡൊമൈന്‍ ആപ്പിള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.


ഒരു ടച് സ്ക്രീന്‍ ടാബ് ലെറ്റ്‌ കമ്പ്യൂട്ടര്‍ എന്ന ആപ്പിളിന്റെ സങ്കല്പത്തിന്റെ ഒരു കൊച്ചു പതിപ്പാണ്‌ ഐ പോഡ് അല്ലെങ്കില്‍ ഐ ഫോണ്‍. ആപ്പിള്‍ സ്വന്തമാക്കിയ ഫിങ്ങര്‍വര്‍ക്സ് എന്ന ടച്ച്‌ ഇന്റര്‍ഫേസ് കമ്പനിയുടെ സാങ്കേതിക വിദ്യ പിന്‍ബലം നല്‍കുകയും ചെയ്തു. പത്രങ്ങളും മാസികകളും വായിക്കുന്ന രീതി തന്നെ ഐ സ്ലേറ്റ് മാറ്റി മറിക്കും എന്നാണ് ഓരോരുത്തരുടെ വിശ്വാസം…

ഇന്നേ വരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചതാണ് ഈ ഐ സ്ലേറ്റ് എന്ന് സാക്ഷാല്‍ സ്റ്റീവ് ജോബ്സ് പറഞ്ഞു എന്നാണ് മറ്റൊരു കഥ.അതിനെ പറ്റി കൂടുതല്‍ ഇവിടെ.
എന്തായാലും കഥകള്‍ ഒരിക്കലും അവസാനിക്കില്ല, ആപ്പിള്‍ മറിച്ചു തീരുമാനിക്കും വരെ.