കഥ, തിരക്കഥ, സംവിധാനം

പണ്ടൊക്കെ മലയാള സിനിമ കാണാന്‍ പോകുമ്പോള്‍ ഏറെ ബോറടിപ്പിച്ചിരുന്ന ഒരു കാര്യം തുടക്കത്തിലുള്ള പേരെഴുതി കാണിക്കല്‍ ചടങ്ങാണ്. മിക്കവാറും തന്നെ എല്ലാ സിനിമക്കും സമാനമായ ഒരു ശൈലി ഉണ്ടായിരുന്നു – ഒരു നീല പശ്ചാത്തലത്തില്‍, വെളുത്ത അക്ഷരങ്ങളില്‍ ഓരോന്നായി സ്ക്രീനില്‍ വന്നു നിറയും. സംവിധായകന്റെ പേരെഴുതി കാണിക്കുന്നത് വരെ അക്ഷമയോടെ ഒരു കാത്തിരിപ്പാണ്. ചില ചിത്രങ്ങളാകട്ടെ, പേരെഴുതി കാണിക്കുന്ന പരിപാടി സിനിമയുടെ ഇടക്ക് കൊണ്ട് വെക്കും. ‘ഹിറ്റ്‌ലര്‍’ സിനിമ കാണാന്‍ പോയി, പടം തുടങ്ങി തമാശകളൊക്കെ ആയി ഒരുപാട്ടും കഴിഞ്ഞ് അര മണിക്കൂറിനു ശേഷമാണ് പെട്ടെന്ന് ഓര്‍മ്മ വന്നത് പോലെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സ്ക്രീനില്‍ തെളിയാന്‍ തുടങ്ങിയത്.

ആക്ഷനായാലും കണ്ണീരില്‍ മുക്കി പിഴിഞ്ഞെടുത്തതായാലും യൂണിവേഴ്സല്‍ സ്റ്റാറായാലും മെഗാ സ്റ്റാറായാലും ഒട്ടു മിക്ക പടങ്ങളും നീല/കറുപ്പ് പശ്ചാത്തലത്തില്‍ വെളുപ്പ്‌/മഞ്ഞ അക്ഷരങ്ങളില്‍ പേരെഴുതി സമത്വം പാലിച്ചിരുന്നു. ഇരു വശങ്ങളിലേക്കും നീളുന്ന ഒരു ചുവന്ന വരയും ഇടക്ക് കാണാം.

ഇതിനര്‍ത്ഥ൦ എല്ലാ ചിത്രങ്ങളും ഇങ്ങനെ ആണെന്നല്ല. ഫാസില്‍ സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന ചിത്രത്തില്‍ വീട്ടില്‍ നിന്ന് ഓടി പോകേണ്ടി വന്ന ബാലന്‍ ഒറ്റപ്പെടുന്ന അവസ്ഥ പശ്ചാത്തലത്തില്‍ രേഖാ ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. അധികം ചെലവില്ലാതെ തന്നെ വ്യത്യസ്തമായ ടൈറ്റിലുകള്‍ ആ സിനിമ നല്‍കി. പുതുതായി ഇറങ്ങുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അവതരണം വ്യതസ്തമാക്കാറുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത ‘ഡാഡി കൂള്‍’ തീര്‍ത്തും സ്റ്റൈലിഷ് ആയി തന്നെ ടൈറ്റില്‍സ് നല്‍കി.

ഹോളിവുഡ് സിനിമകളില്‍ വളരെ ചെലവു ചെയ്ത് തന്നെ ഓപ്പണി൦ഗ് ക്രെഡിറ്റ്സ് സൃഷ്ടിക്കാറുണ്ട്. സിനിമയിലേക്ക് പ്രേക്ഷകനെ തുടക്കം മുതല്‍ തന്നെ ആകര്‍ഷിക്കാനും, ചിലപ്പോഴൊക്കെ സിനിമയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ധാരണ നല്‍കാനും ഇത് സഹായകരമാകാറുണ്ട്.

1) Catch Me If You Can (2002)
ഫ്രാങ്ക് അബഗ്നേല്‍ എന്ന പ്രശസ്ത തട്ടിപ്പ് വീരന്റെ ആത്മകഥ അടിസ്ഥാനമാക്കി സ്പീല്‍ബെര്‍ഗ് സംവിധാനം ചെയ്ത ചിത്രം. 19 വയസാകുന്നതിനു മുന്‍പേ ഫ്രാങ്ക് പാന്‍ അമേരിക്കന്‍ എയര്‍ വേയ്സ് ഉള്‍പ്പടെ അനേകം സ്ഥാപനങ്ങളെ വ്യാജ ചെക്കുകള്‍ നല്‍കി കോടിക്കണക്കിനു ഡോളറുകള്‍ കവര്‍ന്നു. പൈലറ്റായു൦ ഡോക്ടറായും അഭിഭാഷകനായും ഒക്കെ വേഷമിട്ട് ആള്‍ക്കാരെ സമര്‍ഥമായി ഫ്രാങ്ക് കബളിപ്പിച്ചു. ഒടുവില്‍ പിടിയിലാവുകയും, ജയില്‍ വാസത്തിനു ശേഷം സമാനമായ തട്ടിപ്പുകള്‍ തടയാന്‍ എഫ്.ബി.ഐ യെ സഹായിക്കുകയും ചെയ്യുന്നു.

2) Snatch (2000)
ഗൈ റിച്ചി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മനോഹരമായി എഡിറ്റ്‌ ചെയ്ത് സൃഷ്‌ടിച്ച ഒരു സീക്വന്‍സ് ഉണ്ട്. സമാന്തരമായി വികസിക്കുകയും പിന്നീട് ഒന്നാവുകയും ചെയ്യുന്ന കഥാ തന്തുക്കള്‍ ഉള്ള ഈ ചിത്രം റിച്ചിയുടെ തന്നെ Lock, Stock and Two Smoking Barrels ചിത്രത്തിന്റെ ശൈലിയില്‍ ഉള്ളതാണ്.

3) Casino Royale (2006)

ഡാനിയല്‍ ക്രെയ്ഗ് ബോണ്ടിനെ അവതരിപ്പിച്ചു തുടങ്ങിയതിനൊപ്പം, നാല്‍പ്പതു വര്‍ഷത്തിനു ശേഷം ജെയിംസ് ബോണ്ടിന്റെ കഥ ആദ്യം മുതല്‍ ആരംഭിക്കുകയും ചെയ്തു. പ്രശസ്തമായ ഗണ്‍ ബാരല്‍ സീക്വന്സിനൊപ്പം ചീട്ടുകള്‍ കൊണ്ടുള്ള മനോഹരമായ അനിമേഷന്‍സ് കാണാം.

4) Thank You For Smoking (2005)

ജേസണ്‍ റെയ്റ്റ്മാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ എല്ലാം തന്നെ സിഗരറ്റ് കവറുകളില്‍ സമര്‍ത്ഥമായി ഉള്‍കൊള്ളിച്ചിരിക്കുന്നു.

5) Kiss Kiss Bang Bang (2005)
ഷെയിന്‍ ബ്ലാക്ക് സംവിധാനം ചെയ്ത ഈ ചിത്രത്തിലും നല്ലൊരു അനിമേറ്റഡ് അവതരണം കാണാം.

6) Eurotrip (2004)
ജെഫ് ഷാഫെര്‍ സംവിധാനം ചെയ്ത, ചിലര്‍ക്കെങ്കിലും ഇഷ്ടപെടാന്‍ സാധ്യത ഇല്ലാത്ത, എന്നാല്‍ ചിലര്‍ക്ക് ഒരു പാടു ഇഷ്ടപ്പെടുന്ന കോമഡി ചിത്രം.

7) It’s a Mad, Mad, Mad, Mad World (1963)
സ്റ്റാന്‍ലി ക്രാമര്‍ സംവിധാനം ചെയ്ത 2D അനിമേഷന്റെ സാദ്ധ്യതകള്‍ ഓപ്പണി൦ഗ് ക്രെഡിറ്റ്സില്‍ ഉപയോഗിച്ച ഒരു പഴയ കോമഡി ചിത്രം.

8 ) Superbad (2007)
ഗ്രെഗ് മൊട്ടോല സംവിധാനം ചെയ്ത ഈ കോമഡി ചിത്രത്തില്‍ നിഴല്‍ രൂപങ്ങള്‍ ഉപയോഗിച്ചുള്ള മനോഹരമായ അവതരണം കാണാം

9) Pi (1998)
ഡാരന്‍ അരനോഫ്സ്കി സംവിധാനം ചെയ്ത ഈ സൈക്കോ ത്രില്ലറിന്റെ ടൈറ്റിലുകള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സൃഷ്ടിച്ചതാണ്.

10) The Pink Panther (2006)
ഷോണ്‍ ലെവി സംവിധാനം ചെയ്ത പിങ്ക് പാന്തെര്‍ റീ-മേക്ക്