ഫേസ് കാഷ്!

വ്യത്യസ്തമായ ഒരു ആശയം ആദ്യമായി അവതരിപ്പിക്കുന്നയാള്‍ക്കാണോ സമാനമായ ആശയം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നയാള്‍ക്കണോ അംഗീകാരം ലഭിക്കേണ്ടത്? 400 മില്യണിലേറെ ഉപയോക്താക്കളും 300 മില്യണ്‍ ഡോളര്‍ വരുമാനവുമുള്ള ഫേസ്ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റിന്റെ ആശയം ഹാര്‍വാര്‍ഡിലെ സഹപാഠിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് ആരണ്‍ ഗ്രീന്‍സ്പാന്‍ വാദിക്കുന്നത്. വെറുതെ പറയുക മാത്രമല്ല, തെളിവിനായി ഹാര്‍വാര്‍ഡില്‍ വെച്ച് സക്കര്‍ബര്‍ഗ് അയച്ച ഇ-മെയിലുകള്‍ സൂക്ഷിച്ചിട്ടുമുണ്ട്‌.

ഹാര്‍വാര്‍ഡില്‍ വെച്ച് houseSYSTEM എന്ന വെബ് പോര്‍ട്ടല്‍ വികസിപ്പിച്ച ഗ്രീന്‍സ്പാന്‍, 2003 സെപ്റ്റംബര്‍ 19 ന് വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പോര്‍ട്ടലിലെ Face Book എന്ന് വിളിക്കുന്ന സംവിധാനത്തില്‍ ലഭ്യമായ നിരവധി സൗകര്യങ്ങളെ പറ്റി പറയുന്നുണ്ട്. മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും, ഫോട്ടോ ആല്‍ബം സൃഷ്ടിക്കുന്നതിനും, അധ്യാപനത്തിന്റെ ഫീഡ് ബാക്ക് നല്‍കുന്നതുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ക്കൊപ്പം മറ്റു വിദ്യാര്‍ഥികളെ കണ്ടുമുട്ടുന്നതിനായി സ്റ്റുഡ൯റ് എക്സ്ചേഞ്ച് എന്ന സിസ്റ്റവും ലഭ്യമായിരുന്നു.
സക്കര്‍ബര്‍ഗ് സ്വന്തമായി thefacebook.com എന്ന സൈറ്റ് തുടങ്ങുന്നതിനും നാല് മാസം മുന്‍പായിരുന്നു ഇത്. പില്‍ക്കാലത്ത് ഫേസ്ബുക്കില്‍ വന്ന പല സംവിധാനങ്ങളും ഗ്രീന്‍സ്പാനുമായുള്ള ചര്‍ച്ചയില്‍ ഉടലെടുത്തവയായിരുന്നു. ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ആശയം ഇടക്ക് ഉരുത്തിരിഞ്ഞുവെങ്കിലും പിന്നീട് സക്കര്‍ബര്‍ഗ് സ്വന്തമായി സൈറ്റ് തുടങ്ങാനുള്ള ആശയവുമായി മുന്നോട് പോവുകയും വന്‍ വിജയമായ കമ്പനി തുടങ്ങുകയും ചെയ്തു.

നാല് വര്‍ഷങ്ങള്‍ക്കു ശേഷം Authoritas: One Student’s Harvard Admissions and the Founding of the Facebook Era എന്ന പേരില്‍ ഫേസ്ബുക്കിന്റെ ഉദ്ഭവത്തെ കുറിച്ച് ഗ്രീന്‍സ്പാന്‍ ഒരു പുസ്തകം ഇറക്കി. ഒരു ഇന്റര്‍നെറ്റ്‌ ബുക്ക്‌ ആയി ഈ പുസ്തകം ലഭ്യമാണ്.
തിങ്ക്‌ കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനി തുടങ്ങിയ ഗ്രീന്‍സ്പാന്‍ സക്കര്‍ബര്‍ഗിനയച്ച കത്ത് ഇവിടെ വായിച്ചു നോക്കാവുന്നതാണ്.

എങ്കിലും രസകരമായ മറ്റൊരു വസ്തുത, ഫേസ്ബുക്ക്‌ മോഷണമാണെന്ന ആരോപണം ഉന്നയിക്കുന്ന ആദ്യത്തെ വ്യക്തി ഗ്രീന്‍സ്പാന്‍ അല്ല എന്നുള്ളതാണ്. ഹാര്‍വാര്‍ഡ് കണക്ഷന്‍ (പിന്നീട് ConnectU) എന്ന പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് തുടങ്ങിയ മൂന്നു സഹപാഠികളുടെ കൂടെ കൂടുകയും അവിടുന്നു സോഴ്സ് കോഡ് ഉള്‍പ്പടെ മോഷ്ടിച്ച് ഫേസ്ബുക്ക്‌ തുടങ്ങുകയും ചെയ്തു എന്ന കേസില്‍ പെട്ട് കുറെ നാള്‍ സക്കര്‍ബര്‍ഗ് കോടതി കയറി.
ഗ്രീന്‍സ്പാനാകട്ടെ വിപണിയില്‍ തരംഗം സൃഷ്ടിക്കാവുന്ന മറ്റൊരു ആശയവുമായി രംഗത്തെത്തുകയും ചെയ്തു. അതാണ്‌ ഫേസ് കാഷ്!

കൊള്ളാവുന്ന ഒരു മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ പിന്നെ പണം കൊണ്ടു നടക്കേണ്ട കാര്യമില്ല, മറിച്ച് ഒരു ഫേസ് കാഷ് അക്കൗണ്ട്‌ തുടങ്ങിയാല്‍ മാത്രം മതി.

  • ഫേസ് കാഷ് അപ്ലിക്കേഷന്‍ ഫോണിലേക്ക് ഡൌണ്‍ ലോഡ് ചെയ്യുക (ഐ ഫോണ്‍, ആന്‍ഡ്രോയിഡ് , ബ്ലാക് ബെറി തുടങ്ങിയ സ്മാര്‍ട്ട്‌ ഫോണിലേക്ക്)
  • ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ തുടങ്ങിയവ നല്‍കുക. കൂടെ ഒരു ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യുക.
  • അതോടെ ഒരു പ്രത്യേക ബാര്‍ കോഡ് ഫോണില്‍ ലഭ്യമാകും.
  • ഫേസ് കാഷ് വിനിമയ മാര്‍ഗമായി അംഗീകരിക്കുന്ന കടകളില്‍ പോയി ഈ ബാര്‍ കോഡ് കാണിക്കുമ്പോള്‍ അവര്‍ അത് സ്കാന്‍ ചെയ്യുകയും, ഉപയോക്താവിന്റെ ഫോട്ടോ കമ്പ്യൂട്ടറില്‍ തെളിയുന്നത് നോക്കി അവര്‍ കച്ചവടം നടത്തുകയും ചെയ്യും.

മൊബൈല്‍ ഫോണ്‍ വഴിയുള്ള കച്ചവടത്തിന്റെ വിപണി മൂല്യം 2012 ആകുന്നതോടെ 510 ബില്യന്‍ ഡോളര്‍ ആണെന്നാണ് എഡ്ഗാര്‍, ഡണ്‍ ആന്‍ഡ്‌ കമ്പനി പറയുന്നത്.

ഫേസ് കാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അത് മൂന്നാമതൊരു കക്ഷിയെ ആശ്രയിക്കുന്നില്ല എന്നുള്ളതാണ്. ട്വിറ്ററിന്റെ സമാന സംരംഭമായ സ്ക്വയര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്രെഡിറ്റ്‌ കാര്‍ഡിലേക്ക്‌ ഒരു കണക്ഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. മറ്റുള്ള മൊബൈല്‍ സംവിധാനങ്ങളുടെ ന്യൂനത ഈ ക്രെഡിറ്റ്‌ കാര്‍ഡ് ആശ്രയത്വം ആണ്. ഉപയോക്താവിന്റെ വ്യക്തിത്വം ഉറപ്പു വരുത്താനും വിനിമയം പൂര്‍ത്തിയാക്കുവാനും ബില്‍ നല്‍കുവാനും ഒക്കെ സ്വന്തമായി സംവിധാനമുള്ള ഫേസ് കാഷ് പക്ഷെ ഡെബിറ്റ് മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് ബാങ്കില്‍ കാശുണ്ടെങ്കില്‍ മാത്രമേ വാങ്ങാന്‍ പറ്റുകയുള്ളു. വ്യാപാരികള്‍ ഫേസ് കാഷ് സ്വീകരിക്കാന്‍ തയ്യാറാകും എന്ന് തന്നെയാണ് ഗ്രീന്‍സ്പാന്‍ പ്രതീക്ഷിക്കുന്നത്. കാരണം ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗിച്ച് വിനിമയം നടക്കുമ്പോള്‍ 3.2 ശതമാനം കാര്‍ഡ് കമ്പനി കൊണ്ടു പോകും, എന്നാല്‍ ഫേസ് കാഷ് 1.5 ശതമാനത്തില്‍ നില്‍ക്കും.

ഫേസ്ബുക്ക്‌ നഷ്ടമായ ഗ്രീന്‍സ്പാന്‍ ഫേസ് കാഷുമായി വരുന്നത് വെറുതെയാവില്ല!

ഫേസ് കാഷ് എന്ന പേരിനു ഫേസ്ബുക്കുമായി ബന്ധം ഒന്നുമില്ല എന്നാണ് ഗ്രീന്‍സ്പാന്‍ പറയുന്നത്.

ഓര്‍മ്മകള്‍ മരിക്കുമോ?