കറന്റ് യുദ്ധം!

ക്രിസ്റ്റഫര്‍ നോലന്‍ സംവിധാനം ചെയ്ത ‘ദി പ്രെസ്റ്റീജ്‘ എന്ന ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ജീവിച്ചിരുന്ന വൈരികളായ രണ്ടു മജീഷ്യന്മാരുടെ കഥ പറയുന്നതായിരുന്നു. ഈ സാങ്കല്പിക കഥയില്‍ പക്ഷെ രണ്ടു യഥാര്‍ത്ഥ മാന്ത്രികര്‍ കടന്നു വരുന്നുണ്ട്. ‘മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍’ എന്നറിയപ്പെട്ട തോമസ്‌ ആല്‍വാ എഡിസണും ‘പടിഞ്ഞാറിന്റെ മാന്ത്രികനായ’ നികോള ടെസ്ലയും തമ്മിലുള്ള ശത്രുത ചിത്രത്തില്‍ ചെറുതായി അവതരിപ്പിക്കുന്നുണ്ട്.

ആയിരത്തിലേറെ പേറ്റന്റുകളുമായി, ലോകത്തിലെ തന്നെ മികച്ച ഉപജ്ഞാതാവെന്ന ഖ്യാതിയുമായി എഡിസണ്‍ ചരിത്ര താളുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ അതിലേറെ പ്രതിഭാശാലിയായിരുന്ന നികോള ടെസ്ല അവഗണിക്കപ്പെട്ടു. ടെസ്ലക്ക് ചരിത്രത്തില്‍ സ്ഥാനം ലഭിക്കാതിരിക്കാന്‍ വേണ്ടതെല്ലാം എഡിസണ്‍ മനമറിഞ്ഞു ചെയ്തു.

ഡയറക്റ്റ് കറന്റ്‌ വക്താവായ എഡിസണും ആൾട്ട൪ണേറ്റി൦ഗ് കറന്റിനെ അനുകൂലിക്കുന്ന ജോര്‍ജ് വെസ്റ്റിംഗ്ഹൌസ്-ടെസ്ല സഖ്യവും തമ്മിലുള്ള ശത്രുത പില്‍ക്കാലത്ത് ‘കറന്റ് യുദ്ധം’ എന്ന് തന്നെ അറിയപ്പെട്ടു.
അവസാന വിജയം ടെസ്ലക്കൊപ്പമായിരുന്നുവെങ്കിലും അദ്ദേഹത്തെ കരി വാരി തേക്കുന്നതില്‍ എഡിസണ്‍ കുറെയേറെ വിജയിച്ചു.


ക്രോയെഷ്യയില്‍ ജനിച്ച ടെസ്ലക്ക് അനിതരസാധാരണമായ ഓര്‍മശക്തി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ബുഡാപെസ്റ്റിലെ ആദ്യ ടെലിഫോണ്‍ സംവിധാനത്തിന്റെ എഞ്ചിനീയര്‍ ആയതിനു ശേഷം 1882 ല്‍ പാരീസില്‍ ‘കോണ്ടിനെന്റല്‍ എഡിസണ്‍ കമ്പനിയില്‍’ പ്രവേശിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം ന്യൂ യോര്‍ക്കില്‍ എത്തിയ ടെസ്ലയെ എഡിസണ്‍ തന്റെ കമ്പനി ആയ എഡിസണ്‍ മെഷീന്‍ വര്‍ക്സില്‍ എടുത്തു. കമ്പനിയിലെ മെഷീനുകള്‍ കാര്യക്ഷമത വര്‍ധിക്കുന്ന രീതിയില്‍ വീണ്ടും രൂപകല്‍പന ചെയ്‌താല്‍ 50000 ഡോളര്‍ നല്‍കാമെന്ന വാഗ്ദാനവും എഡിസണ്‍ നല്‍കി. എന്നാല്‍ പിന്നീട് പണമന്വേഷിച്ചപ്പോള്‍ അതൊരു തമാശ പറഞ്ഞതാണെന്നായി എഡിസണ്‍. രാജി വെച്ച ടെസ്ല എ സി പോളിഫേസ് സിസ്റ്റം വികസിപ്പിക്കുന്നതില്‍ മുഴുകി.

തുടര്‍ന്നാണ്‌ വൈദ്യുതി വിതരണത്തില്‍ എഡിസനുമായി യുദ്ധമുണ്ടാകുന്നത്. വൈദ്യുത ബള്‍ബുകള്‍ പ്രധാന ലോഡ് ആയിരുന്ന അക്കാലത്ത് ഡി സി ഉപയോഗിച്ചുള്ള ഒരു വിതരണ സംവിധാനവും അതിന്റെ ഉപയോഗം അളക്കാനുള്ള മീറ്റും ഒക്കെ വികസിപ്പിച്ചു സ്ഥിരമായ ഒരു വരുമാന മാര്‍ഗവും സൃഷ്ടിച്ചു കഴിഞ്ഞിരുന്ന എഡിസണ്‍ ടെസ്ലയുടെ മെച്ചപ്പെട്ട സംവിധാനം അംഗീകരിച്ചു കൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു.
സ്ഥിരമായ ഒരു വോൾട്ടേജില്‍ വിതരണം നടത്തിയിരുന്ന ഡി സി യില്‍ കൂടുതല്‍ ചെമ്പ് കമ്പികള്‍ ആവശ്യമുള്ളതിനു പുറമേ പ്രസരണ നഷ്ടവും കൂടുതലായിരുന്നു. എ സി ആകട്ടെ ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ച് വോൾട്ടേജ് കൂട്ടാനും കുറയ്ക്കാനും സാധിക്കുമെന്നതിനാല്‍, ഉയര്‍ന്ന വോൾട്ടേജില്‍ വിതരണം നടത്തുകയും ഉപഭോഗത്തിനായി വോൾട്ടേജ് കുറയ്ക്കാനും സാധിക്കുമെന്നായി.

കാര്യങ്ങള്‍ കൈ വിട്ടു പോകുമെന്ന് ഉറപ്പായതോടെ എഡിസണ്‍, ടെസ്ലക്കും എ സി ക്കുമെതിരെ പ്രചരണം തുടങ്ങി. ആൾട്ട൪ണേറ്റി൦ഗ് കറന്റ് അപകടകാരിയാണെന്ന് കാണിച്ചു കൊണ്ടുള്ള പോസ്റ്ററുകള്‍ നാടെങ്ങും ഉയര്‍ന്നു. എഡിസണും സംഘവും ചേര്‍ന്ന് പട്ടിയും പൂച്ചയും ഉള്‍പ്പടെയുള്ള മൃഗങ്ങളെ കരണ്ടടിപ്പിച്ചു കൊന്നു. ‘ടോപ്സി’ എന്ന ഒരു സര്‍ക്കസ് ആനയെ ഷോക്കടിപ്പിച്ചു കൊല്ലുന്നത് എഡിസണും സംഘവും ഷൂട്ട്‌ ചെയ്തു വെച്ചു.ആൾട്ട൪ണേറ്റി൦ഗ് കറന്റിനോടുള്ള എഡിസന്റെ വിദ്വേഷം ഇലക്ട്രിക്‌ ചെയറിന്റെ കണ്ടുപിടുത്തത്തിന് വഴി തെളിച്ചു.നയാഗ്ര വെള്ളച്ചാട്ടത്തില്‍ നിന്ന് ടെസ്ലയുടെ രീതിയില്‍ കറന്റ്‌ ഉത്പാദിപ്പിക്കുകയും അതൊരു വിജയം ആവുകയും ചെയ്തതോടെ കറന്റ് യുദ്ധത്തിനു വിരാമമായി.

ടെസ്ലയുടെ സ്വഭാവ വൈചിത്രവും അദ്ദേഹത്തെ ആളുകളില്‍ നിന്ന് അകറ്റിയിട്ടുണ്ടാവാം. അധികം സംസാരിക്കാത്ത, അവിവാഹിതനായി ജീവിച്ച ടെസ്ല മൂന്നു കൊണ്ട് ഹരിക്കാവുന്ന സംഖ്യ ഉള്ള ഹോട്ടല്‍ മുറികള്‍ മാത്രമേ തിരഞ്ഞെടുത്തിരുന്നുള്ളു.

154 ാമത്തെ ജന്മദിനമാഘോഷിക്കുന്ന, അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ആ മഹാ പ്രതിഭയ്ക്ക് വേണ്ടി ‘നികോള ടെസ്ല മൂവ്മെന്റില്‍’ പങ്കു ചേരൂ.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ…

http://www.facebook.com/teamtesla

http://www.cafepress.com/teamtesla

http://twitter.com/team_tesla

ഫേസ് കാഷ്!

വ്യത്യസ്തമായ ഒരു ആശയം ആദ്യമായി അവതരിപ്പിക്കുന്നയാള്‍ക്കാണോ സമാനമായ ആശയം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കുന്നയാള്‍ക്കണോ അംഗീകാരം ലഭിക്കേണ്ടത്? 400 മില്യണിലേറെ ഉപയോക്താക്കളും 300 മില്യണ്‍ ഡോളര്‍ വരുമാനവുമുള്ള ഫേസ്ബുക്ക്‌ എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റിന്റെ ആശയം ഹാര്‍വാര്‍ഡിലെ സഹപാഠിയായ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നില്‍ നിന്ന് മോഷ്ടിച്ചതാണെന്നാണ് ആരണ്‍ ഗ്രീന്‍സ്പാന്‍ വാദിക്കുന്നത്. വെറുതെ പറയുക മാത്രമല്ല, തെളിവിനായി ഹാര്‍വാര്‍ഡില്‍ വെച്ച് സക്കര്‍ബര്‍ഗ് അയച്ച ഇ-മെയിലുകള്‍ സൂക്ഷിച്ചിട്ടുമുണ്ട്‌.

ഹാര്‍വാര്‍ഡില്‍ വെച്ച് houseSYSTEM എന്ന വെബ് പോര്‍ട്ടല്‍ വികസിപ്പിച്ച ഗ്രീന്‍സ്പാന്‍, 2003 സെപ്റ്റംബര്‍ 19 ന് വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പോര്‍ട്ടലിലെ Face Book എന്ന് വിളിക്കുന്ന സംവിധാനത്തില്‍ ലഭ്യമായ നിരവധി സൗകര്യങ്ങളെ പറ്റി പറയുന്നുണ്ട്. മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുന്നതിനും, ഫോട്ടോ ആല്‍ബം സൃഷ്ടിക്കുന്നതിനും, അധ്യാപനത്തിന്റെ ഫീഡ് ബാക്ക് നല്‍കുന്നതുള്‍പ്പടെയുള്ള സൗകര്യങ്ങള്‍ക്കൊപ്പം മറ്റു വിദ്യാര്‍ഥികളെ കണ്ടുമുട്ടുന്നതിനായി സ്റ്റുഡ൯റ് എക്സ്ചേഞ്ച് എന്ന സിസ്റ്റവും ലഭ്യമായിരുന്നു.
സക്കര്‍ബര്‍ഗ് സ്വന്തമായി thefacebook.com എന്ന സൈറ്റ് തുടങ്ങുന്നതിനും നാല് മാസം മുന്‍പായിരുന്നു ഇത്. പില്‍ക്കാലത്ത് ഫേസ്ബുക്കില്‍ വന്ന പല സംവിധാനങ്ങളും ഗ്രീന്‍സ്പാനുമായുള്ള ചര്‍ച്ചയില്‍ ഉടലെടുത്തവയായിരുന്നു. ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള ആശയം ഇടക്ക് ഉരുത്തിരിഞ്ഞുവെങ്കിലും പിന്നീട് സക്കര്‍ബര്‍ഗ് സ്വന്തമായി സൈറ്റ് തുടങ്ങാനുള്ള ആശയവുമായി മുന്നോട് പോവുകയും വന്‍ വിജയമായ കമ്പനി തുടങ്ങുകയും ചെയ്തു.

നാല് വര്‍ഷങ്ങള്‍ക്കു ശേഷം Authoritas: One Student’s Harvard Admissions and the Founding of the Facebook Era എന്ന പേരില്‍ ഫേസ്ബുക്കിന്റെ ഉദ്ഭവത്തെ കുറിച്ച് ഗ്രീന്‍സ്പാന്‍ ഒരു പുസ്തകം ഇറക്കി. ഒരു ഇന്റര്‍നെറ്റ്‌ ബുക്ക്‌ ആയി ഈ പുസ്തകം ലഭ്യമാണ്.
തിങ്ക്‌ കമ്പ്യൂട്ടര്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനി തുടങ്ങിയ ഗ്രീന്‍സ്പാന്‍ സക്കര്‍ബര്‍ഗിനയച്ച കത്ത് ഇവിടെ വായിച്ചു നോക്കാവുന്നതാണ്.

എങ്കിലും രസകരമായ മറ്റൊരു വസ്തുത, ഫേസ്ബുക്ക്‌ മോഷണമാണെന്ന ആരോപണം ഉന്നയിക്കുന്ന ആദ്യത്തെ വ്യക്തി ഗ്രീന്‍സ്പാന്‍ അല്ല എന്നുള്ളതാണ്. ഹാര്‍വാര്‍ഡ് കണക്ഷന്‍ (പിന്നീട് ConnectU) എന്ന പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റ് തുടങ്ങിയ മൂന്നു സഹപാഠികളുടെ കൂടെ കൂടുകയും അവിടുന്നു സോഴ്സ് കോഡ് ഉള്‍പ്പടെ മോഷ്ടിച്ച് ഫേസ്ബുക്ക്‌ തുടങ്ങുകയും ചെയ്തു എന്ന കേസില്‍ പെട്ട് കുറെ നാള്‍ സക്കര്‍ബര്‍ഗ് കോടതി കയറി.
ഗ്രീന്‍സ്പാനാകട്ടെ വിപണിയില്‍ തരംഗം സൃഷ്ടിക്കാവുന്ന മറ്റൊരു ആശയവുമായി രംഗത്തെത്തുകയും ചെയ്തു. അതാണ്‌ ഫേസ് കാഷ്!

കൊള്ളാവുന്ന ഒരു മൊബൈല്‍ ഫോണ്‍ കയ്യിലുണ്ടെങ്കില്‍ പിന്നെ പണം കൊണ്ടു നടക്കേണ്ട കാര്യമില്ല, മറിച്ച് ഒരു ഫേസ് കാഷ് അക്കൗണ്ട്‌ തുടങ്ങിയാല്‍ മാത്രം മതി.

 • ഫേസ് കാഷ് അപ്ലിക്കേഷന്‍ ഫോണിലേക്ക് ഡൌണ്‍ ലോഡ് ചെയ്യുക (ഐ ഫോണ്‍, ആന്‍ഡ്രോയിഡ് , ബ്ലാക് ബെറി തുടങ്ങിയ സ്മാര്‍ട്ട്‌ ഫോണിലേക്ക്)
 • ബാങ്ക് അക്കൗണ്ട്‌ നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പര്‍ തുടങ്ങിയവ നല്‍കുക. കൂടെ ഒരു ഫോട്ടോയും അപ്‌ലോഡ്‌ ചെയ്യുക.
 • അതോടെ ഒരു പ്രത്യേക ബാര്‍ കോഡ് ഫോണില്‍ ലഭ്യമാകും.
 • ഫേസ് കാഷ് വിനിമയ മാര്‍ഗമായി അംഗീകരിക്കുന്ന കടകളില്‍ പോയി ഈ ബാര്‍ കോഡ് കാണിക്കുമ്പോള്‍ അവര്‍ അത് സ്കാന്‍ ചെയ്യുകയും, ഉപയോക്താവിന്റെ ഫോട്ടോ കമ്പ്യൂട്ടറില്‍ തെളിയുന്നത് നോക്കി അവര്‍ കച്ചവടം നടത്തുകയും ചെയ്യും.

മൊബൈല്‍ ഫോണ്‍ വഴിയുള്ള കച്ചവടത്തിന്റെ വിപണി മൂല്യം 2012 ആകുന്നതോടെ 510 ബില്യന്‍ ഡോളര്‍ ആണെന്നാണ് എഡ്ഗാര്‍, ഡണ്‍ ആന്‍ഡ്‌ കമ്പനി പറയുന്നത്.

ഫേസ് കാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അത് മൂന്നാമതൊരു കക്ഷിയെ ആശ്രയിക്കുന്നില്ല എന്നുള്ളതാണ്. ട്വിറ്ററിന്റെ സമാന സംരംഭമായ സ്ക്വയര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ക്രെഡിറ്റ്‌ കാര്‍ഡിലേക്ക്‌ ഒരു കണക്ഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. മറ്റുള്ള മൊബൈല്‍ സംവിധാനങ്ങളുടെ ന്യൂനത ഈ ക്രെഡിറ്റ്‌ കാര്‍ഡ് ആശ്രയത്വം ആണ്. ഉപയോക്താവിന്റെ വ്യക്തിത്വം ഉറപ്പു വരുത്താനും വിനിമയം പൂര്‍ത്തിയാക്കുവാനും ബില്‍ നല്‍കുവാനും ഒക്കെ സ്വന്തമായി സംവിധാനമുള്ള ഫേസ് കാഷ് പക്ഷെ ഡെബിറ്റ് മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത് ബാങ്കില്‍ കാശുണ്ടെങ്കില്‍ മാത്രമേ വാങ്ങാന്‍ പറ്റുകയുള്ളു. വ്യാപാരികള്‍ ഫേസ് കാഷ് സ്വീകരിക്കാന്‍ തയ്യാറാകും എന്ന് തന്നെയാണ് ഗ്രീന്‍സ്പാന്‍ പ്രതീക്ഷിക്കുന്നത്. കാരണം ക്രെഡിറ്റ്‌ കാര്‍ഡ് ഉപയോഗിച്ച് വിനിമയം നടക്കുമ്പോള്‍ 3.2 ശതമാനം കാര്‍ഡ് കമ്പനി കൊണ്ടു പോകും, എന്നാല്‍ ഫേസ് കാഷ് 1.5 ശതമാനത്തില്‍ നില്‍ക്കും.

ഫേസ്ബുക്ക്‌ നഷ്ടമായ ഗ്രീന്‍സ്പാന്‍ ഫേസ് കാഷുമായി വരുന്നത് വെറുതെയാവില്ല!

ഫേസ് കാഷ് എന്ന പേരിനു ഫേസ്ബുക്കുമായി ബന്ധം ഒന്നുമില്ല എന്നാണ് ഗ്രീന്‍സ്പാന്‍ പറയുന്നത്.

ഓര്‍മ്മകള്‍ മരിക്കുമോ?

കഥ, തിരക്കഥ, സംവിധാനം

പണ്ടൊക്കെ മലയാള സിനിമ കാണാന്‍ പോകുമ്പോള്‍ ഏറെ ബോറടിപ്പിച്ചിരുന്ന ഒരു കാര്യം തുടക്കത്തിലുള്ള പേരെഴുതി കാണിക്കല്‍ ചടങ്ങാണ്. മിക്കവാറും തന്നെ എല്ലാ സിനിമക്കും സമാനമായ ഒരു ശൈലി ഉണ്ടായിരുന്നു – ഒരു നീല പശ്ചാത്തലത്തില്‍, വെളുത്ത അക്ഷരങ്ങളില്‍ ഓരോന്നായി സ്ക്രീനില്‍ വന്നു നിറയും. സംവിധായകന്റെ പേരെഴുതി കാണിക്കുന്നത് വരെ അക്ഷമയോടെ ഒരു കാത്തിരിപ്പാണ്. ചില ചിത്രങ്ങളാകട്ടെ, പേരെഴുതി കാണിക്കുന്ന പരിപാടി സിനിമയുടെ ഇടക്ക് കൊണ്ട് വെക്കും. ‘ഹിറ്റ്‌ലര്‍’ സിനിമ കാണാന്‍ പോയി, പടം തുടങ്ങി തമാശകളൊക്കെ ആയി ഒരുപാട്ടും കഴിഞ്ഞ് അര മണിക്കൂറിനു ശേഷമാണ് പെട്ടെന്ന് ഓര്‍മ്മ വന്നത് പോലെ അണിയറ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ സ്ക്രീനില്‍ തെളിയാന്‍ തുടങ്ങിയത്.

ആക്ഷനായാലും കണ്ണീരില്‍ മുക്കി പിഴിഞ്ഞെടുത്തതായാലും യൂണിവേഴ്സല്‍ സ്റ്റാറായാലും മെഗാ സ്റ്റാറായാലും ഒട്ടു മിക്ക പടങ്ങളും നീല/കറുപ്പ് പശ്ചാത്തലത്തില്‍ വെളുപ്പ്‌/മഞ്ഞ അക്ഷരങ്ങളില്‍ പേരെഴുതി സമത്വം പാലിച്ചിരുന്നു. ഇരു വശങ്ങളിലേക്കും നീളുന്ന ഒരു ചുവന്ന വരയും ഇടക്ക് കാണാം.

ഇതിനര്‍ത്ഥ൦ എല്ലാ ചിത്രങ്ങളും ഇങ്ങനെ ആണെന്നല്ല. ഫാസില്‍ സംവിധാനം ചെയ്ത ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന ചിത്രത്തില്‍ വീട്ടില്‍ നിന്ന് ഓടി പോകേണ്ടി വന്ന ബാലന്‍ ഒറ്റപ്പെടുന്ന അവസ്ഥ പശ്ചാത്തലത്തില്‍ രേഖാ ചിത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. അധികം ചെലവില്ലാതെ തന്നെ വ്യത്യസ്തമായ ടൈറ്റിലുകള്‍ ആ സിനിമ നല്‍കി. പുതുതായി ഇറങ്ങുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അവതരണം വ്യതസ്തമാക്കാറുണ്ട്. ആഷിക് അബു സംവിധാനം ചെയ്ത ‘ഡാഡി കൂള്‍’ തീര്‍ത്തും സ്റ്റൈലിഷ് ആയി തന്നെ ടൈറ്റില്‍സ് നല്‍കി.

ഹോളിവുഡ് സിനിമകളില്‍ വളരെ ചെലവു ചെയ്ത് തന്നെ ഓപ്പണി൦ഗ് ക്രെഡിറ്റ്സ് സൃഷ്ടിക്കാറുണ്ട്. സിനിമയിലേക്ക് പ്രേക്ഷകനെ തുടക്കം മുതല്‍ തന്നെ ആകര്‍ഷിക്കാനും, ചിലപ്പോഴൊക്കെ സിനിമയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നതിനെ കുറിച്ച് ഒരു ധാരണ നല്‍കാനും ഇത് സഹായകരമാകാറുണ്ട്.

1) Catch Me If You Can (2002)
ഫ്രാങ്ക് അബഗ്നേല്‍ എന്ന പ്രശസ്ത തട്ടിപ്പ് വീരന്റെ ആത്മകഥ അടിസ്ഥാനമാക്കി സ്പീല്‍ബെര്‍ഗ് സംവിധാനം ചെയ്ത ചിത്രം. 19 വയസാകുന്നതിനു മുന്‍പേ ഫ്രാങ്ക് പാന്‍ അമേരിക്കന്‍ എയര്‍ വേയ്സ് ഉള്‍പ്പടെ അനേകം സ്ഥാപനങ്ങളെ വ്യാജ ചെക്കുകള്‍ നല്‍കി കോടിക്കണക്കിനു ഡോളറുകള്‍ കവര്‍ന്നു. പൈലറ്റായു൦ ഡോക്ടറായും അഭിഭാഷകനായും ഒക്കെ വേഷമിട്ട് ആള്‍ക്കാരെ സമര്‍ഥമായി ഫ്രാങ്ക് കബളിപ്പിച്ചു. ഒടുവില്‍ പിടിയിലാവുകയും, ജയില്‍ വാസത്തിനു ശേഷം സമാനമായ തട്ടിപ്പുകള്‍ തടയാന്‍ എഫ്.ബി.ഐ യെ സഹായിക്കുകയും ചെയ്യുന്നു.

2) Snatch (2000)
ഗൈ റിച്ചി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മനോഹരമായി എഡിറ്റ്‌ ചെയ്ത് സൃഷ്‌ടിച്ച ഒരു സീക്വന്‍സ് ഉണ്ട്. സമാന്തരമായി വികസിക്കുകയും പിന്നീട് ഒന്നാവുകയും ചെയ്യുന്ന കഥാ തന്തുക്കള്‍ ഉള്ള ഈ ചിത്രം റിച്ചിയുടെ തന്നെ Lock, Stock and Two Smoking Barrels ചിത്രത്തിന്റെ ശൈലിയില്‍ ഉള്ളതാണ്.

3) Casino Royale (2006)

ഡാനിയല്‍ ക്രെയ്ഗ് ബോണ്ടിനെ അവതരിപ്പിച്ചു തുടങ്ങിയതിനൊപ്പം, നാല്‍പ്പതു വര്‍ഷത്തിനു ശേഷം ജെയിംസ് ബോണ്ടിന്റെ കഥ ആദ്യം മുതല്‍ ആരംഭിക്കുകയും ചെയ്തു. പ്രശസ്തമായ ഗണ്‍ ബാരല്‍ സീക്വന്സിനൊപ്പം ചീട്ടുകള്‍ കൊണ്ടുള്ള മനോഹരമായ അനിമേഷന്‍സ് കാണാം.

4) Thank You For Smoking (2005)

ജേസണ്‍ റെയ്റ്റ്മാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകരുടെ പേരുകള്‍ എല്ലാം തന്നെ സിഗരറ്റ് കവറുകളില്‍ സമര്‍ത്ഥമായി ഉള്‍കൊള്ളിച്ചിരിക്കുന്നു.

5) Kiss Kiss Bang Bang (2005)
ഷെയിന്‍ ബ്ലാക്ക് സംവിധാനം ചെയ്ത ഈ ചിത്രത്തിലും നല്ലൊരു അനിമേറ്റഡ് അവതരണം കാണാം.

6) Eurotrip (2004)
ജെഫ് ഷാഫെര്‍ സംവിധാനം ചെയ്ത, ചിലര്‍ക്കെങ്കിലും ഇഷ്ടപെടാന്‍ സാധ്യത ഇല്ലാത്ത, എന്നാല്‍ ചിലര്‍ക്ക് ഒരു പാടു ഇഷ്ടപ്പെടുന്ന കോമഡി ചിത്രം.

7) It’s a Mad, Mad, Mad, Mad World (1963)
സ്റ്റാന്‍ലി ക്രാമര്‍ സംവിധാനം ചെയ്ത 2D അനിമേഷന്റെ സാദ്ധ്യതകള്‍ ഓപ്പണി൦ഗ് ക്രെഡിറ്റ്സില്‍ ഉപയോഗിച്ച ഒരു പഴയ കോമഡി ചിത്രം.

8 ) Superbad (2007)
ഗ്രെഗ് മൊട്ടോല സംവിധാനം ചെയ്ത ഈ കോമഡി ചിത്രത്തില്‍ നിഴല്‍ രൂപങ്ങള്‍ ഉപയോഗിച്ചുള്ള മനോഹരമായ അവതരണം കാണാം

9) Pi (1998)
ഡാരന്‍ അരനോഫ്സ്കി സംവിധാനം ചെയ്ത ഈ സൈക്കോ ത്രില്ലറിന്റെ ടൈറ്റിലുകള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സൃഷ്ടിച്ചതാണ്.

10) The Pink Panther (2006)
ഷോണ്‍ ലെവി സംവിധാനം ചെയ്ത പിങ്ക് പാന്തെര്‍ റീ-മേക്ക്

ഗൂഗിളിന്റെ വികൃതികള്‍

നാലു വശവും മറച്ച്, പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തി, വസ്ത്രങ്ങളുടെ ബന്ധനത്തില്‍ നിന്ന് മോചിതയായി, സ്വന്തം വീടിന്റെ പിന്നാമ്പുറത്തു, മാനത്ത് കണ്ണും നട്ടു കിടക്കുമ്പോള്‍ അനന്ത വിഹായസ്സില്‍ നിന്ന് ഗൂഗിളമ്മാവന്‍ നഗ്ന ചിത്രമെടുത്ത് ഇന്‍റര്‍നെറ്റില്‍ ഇടുമെന്ന് ആരെങ്കിലും വിചാരിച്ചതാണോ? ഗൂഗിള്‍ മാപ്സില്‍ അറിയാതെ കുടുങ്ങിപ്പോയ ഒരെണ്ണം മാത്രമാണിത്. ഹേഗിലാണ് സംഭവം.

ആകാംക്ഷ അടക്കാന്‍ വയ്യാത്തവര്‍ക്ക് മാപ്സ് എടുത്തു പരിശോധിക്കാം.
ദാ ഇവിടെ…

കാറ്റ് കൊള്ളാനിറങ്ങിയ വേറൊരാള്‍ ഇവിടുണ്ട്…
ദോ ഇവിടെ…

ഗൂഗിള്‍ മാപ്സില്‍ മാത്രം കാണാവുന്ന കാഴ്ചകള്‍ പലതുമുണ്ട്.
ലാഡ൪ 49, ഫേസ്/ഓഫ്‌ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ച ജോണ്‍ ട്രവോള്‍ട്ടക്ക് ഫ്ലോറിഡയില്‍ സ്വന്തമായി ഒരു എയര്‍ പോര്‍ട്ടും ഒരു കൊച്ചു വീടും ഉണ്ട്. ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റ് മാസികയില്‍ പുള്ളിക്കാരന്റെ വീടും വിമാനവുമൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ദോ, ഇവിടെ നോക്ക്…റണ്‍ വേയും വീടും കാണാം.

മനോജ്‌ ശ്യാമളന്റെ സൈന്‍സ് എന്ന ചിത്രം കണ്ടവര്‍ക്ക് അതിലെ ക്രോപ് സര്‍ക്കിളുകള്‍ ഓര്‍മ കാണും. അത് പോലെ ഒരെണ്ണം ഒറിഗോണ്‍ എന്ന അമേരിക്കന്‍ സ്റ്റേറ്റിലും ഉണ്ട്. പക്ഷെ അന്യഗ്രഹ ജീവികളൊന്നും ഒപ്പിച്ച പണി അല്ല…മറിച്ച് ഫയര്‍ ഫോക്സ് പ്രേമികളുടെ സൃഷ്ടി ആണ്. ഫയര്‍ ഫോക്സ് ലോഗോ ഒരു ക്രോപ് സര്‍ക്കിള്‍ ആക്കി മാറ്റി കളഞ്ഞു വിരുതന്മാര്‍.
മാപ്സില്‍ മാത്രം കാണാന്‍ പറ്റുന്ന കാഴ്ച വേണേല്‍ ഇവിടെ കണ്ടോ.

KFC ചിക്കനും ഇതേ പണി കാണിച്ചു…ഗൂഗിള്‍ മാപ്സില്‍ സൗജന്യമായി ഒരു പരസ്യം ഒപ്പിച്ചു! കൊക്ക കോളയും മോശമല്ല..!

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കുറെ രാജ്യങ്ങളുടെ മാപ്പില്‍ ഇപ്പൊ ലഭ്യമാണ്. 360° യില്‍ പനോരമിക് കാഴ്ചകള്‍ കാണാന്‍ കഴിയുന്ന ഈ സംവിധാനത്തില്‍ രസികന്‍ കാഴ്ചകള്‍ കുറച്ചൊന്നുമല്ല ഉള്ളത്. സ്ട്രീറ്റിന്റെ പടം പിടിക്കാന്‍ ഗൂഗിളമ്മാവന്‍ ക്യാമറ ഫിറ്റ്‌ ചെയ്ത, സ്ട്രീറ്റ് കാര്‍ എന്ന് വിളിക്കുന്ന ഒരു വണ്ടിയില്‍ കറങ്ങാനിറങ്ങും. വണ്ടി പോകുന്ന വഴി മുഴുവന്‍ ഫോട്ടോ പിടിച്ചു പനോരമിക് ചിത്രങ്ങളായി മാപ്സില്‍ പ്രത്യക്ഷപ്പെടും. സ്വകാര്യതയെ ഹനിക്കുന്നു എന്ന് പറഞ്ഞു കുറേപ്പേര്‍ ഒരു വശത്ത് മുറവിളി കൂട്ടുന്നുമുണ്ട്. കാരണം വേറൊന്നുമല്ല, പബില്‍ കയറി വാള് വെച്ചു തിരിച്ചിറങ്ങാന്‍ നേരത്തോ, ബിക്കിനി ഇട്ടു നില്‍ക്കുമ്പോഴോ, സ്ട്രിപ് ക്ലബ്ബില്‍ കേറാന്‍ നില്ക്കാന്‍ നേരത്തോ ഒക്കെ ആയിരിക്കും ഗൂഗിള്‍ ഫോട്ടോ എടുത്തു മുങ്ങുന്നത്.ഗൂഗിളിന്റെ ക്യാമറ വണ്ടി വരുന്നതറിഞ്ഞ് അതിന്റെ പിന്നാലെ സ്കൂബ ഡൈവിംഗ് വേഷം ഒക്കെ ഇട്ടു ഹാര്‍പൂണ്‍ കൊണ്ട് ഓടി വരുന്ന രണ്ടു അണ്ണന്മാരെ സ്ട്രീറ്റ് വ്യൂ എടുത്താല്‍ കാണാം. നോര്‍വേയിലെ ബെര്‍ഗെന്‍ എന്നാ സ്ഥലത്തുള്ളവരാണ് പഹയന്മാര്‍.

ഇവിടെ ക്ലിക്കിയാല്‍ കാണാം…

ഡാളസില്‍ കെന്നെഡി വെടിയേറ്റു വീണ സ്ഥലവും മാപ് നോക്കിയാല്‍ കാണാം. ഒരു ‘X’ അടയാളം കാണുന്നില്ലേ? ഇവിടെ നോക്ക്…

ഇനി എംപയര്‍  സ്റ്റേറ്റ് ബില്‍ഡിംഗ്‌ സ്ട്രീറ്റ് വ്യൂവില്‍ കാണാം.

അവസാനമായി, ഈ മാപ്പില്‍ ഒരു മുഖം കാണാന്‍ കഴിയുന്നുണ്ടോ? സൂക്ഷിച്ചു നോക്ക്…

വരുന്നു…ഐ സ്ലേറ്റ്!

എല്ലാവരും കാത്തിരിക്കുകയാണ്…ജനുവരി 27 നു സാന്‍ ഫ്രാന്‍സിസ്കോയില്‍ വെച്ച് നടക്കാന്‍ പോകുന്ന ആപ്പിളിന്റെ പത്ര സമ്മേളനത്തിനായി…
ഐ പാഡ്, ഐ സ്ലേറ്റ്, ആപ്പിള്‍ ടാബ് ലെറ്റ്‌ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിയപ്പെട്ടിരുന്ന, ആപ്പിള്‍ ഇത്രയും നാള്‍ കൊണ്ട് രഹസ്യമായി വികസിപ്പിച്ചെടുത്ത ആ ‘ഉപകരണത്തെ’ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അതോടെ പുറത്തു വരുമെന്ന് കരുതുന്നു…
അമിത വളര്‍ച്ചയെത്തിയ ഒരു ഐ പോഡ് പോലെ, 7-9 ഇഞ്ച്‌ ഉള്ള ടച് സ്ക്രീന്‍ ഉപകരണമാണെന്നാണ് പൊതുവേയുള്ള അനുമാനം. ഹൈ ഡെഫിനിഷന്‍ സിനിമകളും കുറെ ഗെയിംസും കളിയ്ക്കാന്‍ പര്യാപ്തമായ ഒന്ന്.
സാമ്പത്തിക മാന്ദ്യം ഇങ്ങനെ മൂത്ത് നില്‍ക്കുമ്പോള്‍ 700-1000 ഡോളര്‍ കൊടുത്തു ഇത് മേടിക്കാനും മാത്രം ‘ഓളം’ ആര്‍ക്കെങ്കിലും ഉണ്ടാകുമോ എന്നാണ് ദോഷൈകദൃക്കുകള്‍ ചോദിക്കുന്നത്…
ഒരു മധ്യവര്‍ത്തി മുഖേന iSlate.com എന്ന ഡൊമൈന്‍ ആപ്പിള്‍ നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്.


ഒരു ടച് സ്ക്രീന്‍ ടാബ് ലെറ്റ്‌ കമ്പ്യൂട്ടര്‍ എന്ന ആപ്പിളിന്റെ സങ്കല്പത്തിന്റെ ഒരു കൊച്ചു പതിപ്പാണ്‌ ഐ പോഡ് അല്ലെങ്കില്‍ ഐ ഫോണ്‍. ആപ്പിള്‍ സ്വന്തമാക്കിയ ഫിങ്ങര്‍വര്‍ക്സ് എന്ന ടച്ച്‌ ഇന്റര്‍ഫേസ് കമ്പനിയുടെ സാങ്കേതിക വിദ്യ പിന്‍ബലം നല്‍കുകയും ചെയ്തു. പത്രങ്ങളും മാസികകളും വായിക്കുന്ന രീതി തന്നെ ഐ സ്ലേറ്റ് മാറ്റി മറിക്കും എന്നാണ് ഓരോരുത്തരുടെ വിശ്വാസം…

ഇന്നേ വരെ ചെയ്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചതാണ് ഈ ഐ സ്ലേറ്റ് എന്ന് സാക്ഷാല്‍ സ്റ്റീവ് ജോബ്സ് പറഞ്ഞു എന്നാണ് മറ്റൊരു കഥ.അതിനെ പറ്റി കൂടുതല്‍ ഇവിടെ.
എന്തായാലും കഥകള്‍ ഒരിക്കലും അവസാനിക്കില്ല, ആപ്പിള്‍ മറിച്ചു തീരുമാനിക്കും വരെ.

സൈബര്‍ പാരകള്‍

പുതുവര്‍ഷാഘോഷങ്ങളുടെ ആലസ്യത്തിലാണ്ട് കിടക്കുന്നവരെ ഉണര്‍ത്താനും, ബ്രൌസിംഗ് മടുത്തു കഴിയുമ്പോള്‍ ഉണ്ടാകുന്ന കൈ തരിപ്പ് മാറ്റാനും, മയങ്ങി കിടക്കുന്ന ഓഫീസില്‍ ഒരു ‘ഓളം’ കൊണ്ടു വരാനും പറ്റിയ ചില നുറുങ്ങു വിദ്യകളാകട്ടെ ഇത്തവണ…
കമ്പ്യൂട്ടറില്‍ നിങ്ങളെക്കാള്‍ പയറ്റി തെളിഞ്ഞവരുടെ അടുത്ത് ഇത് പ്രയോഗിക്കാതിരിക്കുന്നതാണ് നല്ലത്!
നിങ്ങളുടെ സഹപ്രവര്‍ത്തകന്‍/കൂട്ടുകാരന്‍ കമ്പ്യൂട്ടറില്‍ നിന്ന് മാറി ഇരിക്കുന്ന നേരം കൊണ്ടു പണി പറ്റിക്കണം…അത് എങ്ങനെ സാധിക്കുന്നു എന്നുള്ളത് നിങ്ങളുടെ മിടുക്ക്! എന്തൊക്കെ ഒപ്പിക്കാം എന്ന് മാത്രം ഞാന്‍ പറഞ്ഞു തരാം…
1) MS Wordന്റെ Autocorrect വളരെ കലാപരമായി ദുരുപയോഗിക്കാവുന്ന ഒരു സംഗതി ആണ്. ‘ Tools > Autocorrect Options ‘ എടുക്കുക. ‘ Replace Text As You Type ‘ ചെക്ക്‌ ചെയ്യാന്‍ ശ്രദ്ധിക്കുക.

അതിനു ശേഷം സാധാരണ ഉപയോഗിക്കുന്ന ഒരു വാക്കിനു പകരം നിങ്ങളുടെ ഭാവനയില്‍ വിരിയുന്ന ഒരെണ്ണം ചേര്‍ക്കുക.
Please എന്നുള്ളതിന് പകരം Pleace എന്നൊക്കെ ചേര്‍ക്കാം. The എന്നുള്ളതിന് പകരം sex എന്നൊക്കെ വെച്ചാല്‍ സംഗതി ജോര്‍ ആകും…

2) സുഹൃത്തിന്റെ കമ്പ്യൂട്ടറില്‍ ചെന്ന് എല്ലാ ആപ്ളിക്കേഷനും മിനിമൈസ് ചെയ്യുക. എന്നിട്ട് ഡെസ്ക്ടോപ്പിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കുക(Ctrl + PrtScr)
പെയിന്റ് തുറന്നു Ctrl + V(Paste) ചെയ്തിട്ട് ഇമേജ് എവിടെയെങ്കിലും സേവ് ചെയ്യുക. ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ‘Arrange icons by > Show desktop icons’ അണ്‍-ചെക്ക് ചെയ്യുക.

ഇത് ചെയ്തു കഴിയുമ്പോള്‍ ഡെസ്ക്ടോപ്പില്‍ ഐക്കണ്‍ ഒന്നും വരില്ല, വാള്‍പേപ്പര്‍ മാത്രം ഉണ്ടാകും. തുടര്‍ന്ന്‍ Desktop > Properties > Display എടുത്തു വാള്‍പേപ്പര്‍ മാറ്റുക…നമ്മള്‍ ആദ്യം സേവ് ചെയ്ത ടെസ്ക്ടോപിന്റെ സ്ക്രീന്‍ ഷോട്ട് സെറ്റ് ചെയ്യുക. ഇപ്പോള്‍ ‘ഡെസ്ക്ടോപ്പ്’ തികച്ചും സാധാരണമെന്നെ തോന്നു..വാള്‍പേപ്പറിലെ ഐക്കണ്‍ ക്ലിക്ക് ചെയ്തു മടുക്കുമ്പോള്‍ ഒരു ‘കൈ’ സഹായം കൊടുക്കാവുന്നതാണ്.

3) ആദ്യം തന്നെ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിന്റെ ഷോര്‍ട്ട് കട്ട്‌ ഡെസ്ക്ടോപ്പില്‍ നിന്ന് ഡിലീറ്റ് ചെയ്യുക. തുടര്‍ന്നു ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്തു ‘ New > Shortcut ‘ എടുക്കുക. ലൊക്കേഷ൯ ചോദിക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്നത്‌ പേസ്റ്റ് ചെയ്യുക.

shutdown -s -t 45 -c “Your machine is isolated from network due to continuous access to restricted websites”

Next ക്ലിക്ക് ചെയ്യുക. അടുത്ത ഫീല്‍ഡില്‍ Internet Explorer എന്ന് ടൈപ്പ് ചെയ്യുക. ഇപ്പോള്‍ ഡെസ്ക്ടോപ്പില്‍ ഒരു ഐക്കണ്‍ മിന്നി തിളങ്ങുന്നുണ്ടാകും. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Properties എടുക്കുക. Change icon ക്ലിക്ക് ചെയ്തു, ബ്രൌസ് ചെയ്തു Internet Explorer ഐക്കണ്‍ സെലക്ട്‌ ചെയ്യുക. ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറ൪ പോലെ ഇരിക്കുന്ന ഒരു ഷോര്‍ട്ട് കട്ട്‌ നമ്മള്‍ സൃഷ്ടിച്ചു കഴിഞ്ഞു…ക്ലിക്കിയാല്‍ ഷട്ട് ഡൌണ്‍ ആയി പോകുമെന്ന് മാത്രം 🙂

4) വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഒരു വിദ്യ ആണ് അടുത്തത്… Start > Run എടുക്കുക. regedit എന്ന് എന്റര്‍ ചെയ്യുക.
HKEY_CURRENT_USER\Control Panel\Colors എന്ന കീ എടുക്കുക. File > Export എടുത്തു ഈ കീ എവിടെയെങ്കിലും സേവ് ചെയ്തു വെക്കുക. തരിച്ചു പഴയത് പോലെ ആക്കാന്‍ ഇത് import ചെയ്‌താല്‍ മതി.
Data എന്ന കോളത്തിലാണ് വിവിധ വിന്‍ഡോകളുടെ RGB വാല്യൂ സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു എല്ലാം 0 0 0 എന്ന് സെറ്റ് ചെയ്യുക(പൂജ്യത്തിനു ശേഷം ഒരു സ്പേസ് ഉണ്ടെന്നു മറക്കണ്ട). ഇത്രയും ചെയ്‌താല്‍ സ്ക്രീന്‍ ശൂന്യമായി കിട്ടും…സൂക്ഷിച്ചു ചെയ്തില്ലെങ്കില്‍ registry കറപ്റ്റ് ആയി കമ്പ്യൂട്ടര്‍ പോയികിട്ടും…

എല്ലാം പരീക്ഷിച്ചു നോക്കുക…എല്ലാ ഭാവുകങ്ങളും നേരുന്നു…!

പരസ്യവിസ്മയങ്ങള്‍!!!

എവിടെ തിരിഞ്ഞു നോക്കിയാലും കാണുന്ന നൂറു കണക്കിനു പരസ്യങ്ങളില്‍ , മറക്കാനാവാത്ത വിധം വ്യത്യസ്തമായ ചിലത് താഴെ കാണാം…

ഇവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ക്രിയേറ്റീവ് ജീനിയസുകളെ കണ്ടിരുന്നെങ്കില്‍ പോയി ശിഷ്വത്വം തേടാമായിരുന്നു…!
മാസികയിലെ പേജ് മറിക്കുമ്പോള്‍ മൂന്ന് സെക്കന്റിലേറെ ഒരു പരസ്യത്തില്‍ കണ്ണുടക്കണമെങ്കില്‍ അതത്ര മാത്രം വ്യത്യസ്തമായിരിക്കണം…
പരസ്യങ്ങള്‍ ചെയ്ത ഏജന്‍സികളുടെ വെബ് സൈറ്റുകളും ഉഗ്രന്‍ തന്നെ…
ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം…പുതിയ വിന്‍ഡോയില്‍ തുറക്കും…
1)ഒളിമ്പസ് ക്യാമറയുടെ ഓട്ടോ ഫോക്കസ് ഇതിലും നന്നായി എങ്ങനെ കാണിക്കാന്‍ പറ്റും? – ഡയമണ്ട് ഒഗിള്‍വി ഗ്രൂപ്പ്‌, കൊറിയ ചെയ്തത്
2)ഫ്ലാഷ് ലൈറ്റ് നിര്‍മ്മാതാക്കളായ മാഗ്-ലൈറ്റ് – ഡ്രാഫ്റ്റ്‌ എഫ് സി ബി, വെനിസ്വെല
3)ആനിമല്‍ പ്ലാനെറ്റ് ഡോകുമെന്ററികളുടെ ഒറിജിനാലിറ്റിയുടെ രഹസ്യം! – ഡി ഡി ബി, ജര്‍മ്മനി
4)നികോണ്‍ S60 – 12 മുഖങ്ങള്‍ വരെ കണ്ടു പിടിച്ചു കളയും!!! – യൂറോ RSCG, സിങ്കപ്പൂര്‍
5)ഇത്രയും മൂര്‍ച്ച ഉള്ള കത്തികള്‍ അധികം കാണില്ല…!!! – KNSK, ജര്‍മ്മനി
WMF
6)മാജിക്‌ ഒക്കെ ഇത്രേ ഉള്ളു…ഗ്ളാസെക്സ് ഉപയോഗിച്ച് ചില്ല് തുടച്ചാല്‍ മതി… JWT, ഇറ്റലി
7)ഒമാക്സ് വൈഡ് ആംഗിള്‍ ലെന്‍സിന്റെ ഗുണം കണ്ടോ? – പബ്ലിസിസ്, ഇന്ത്യ
8)ഒരാള്‍ മാത്രം ഡയാഡെ൪മി൯ ക്രീം തേച്ചു…! – BBDO, ജര്‍മ്മനി
9)സാംസങ് MP3 പ്ലെയെര്‍ – ചെയ്ല്‍, കൊറിയ
10)ലോകം കൊതിച്ച ടെസ ടേപ്പ്… – ഹെഡ്സ്, ബ്രസീല്‍

ബോസിനെ പറ്റിക്കാന്‍ 6 വഴികള്‍ !!!

ഏതു നിമിഷവും പിന്നില്‍ കേള്‍ക്കാന്‍ സാധ്യതയുള്ള, ബോസിന്റെ കുളമ്പടി ശബ്ദം ഭയന്നാണ് നിങ്ങള്‍ ഓഫീസില്‍ ഇരുന്നു ട്വീറ്റിങ്ങ്, ഓ൪ക്കുട്ടിംഗ് മുതലായ കലാപരിപാടികള്‍ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്കുള്ള സന്തോഷവര്‍ത്തമാനം ഇതാ…! ഇടയന്മാര്‍ കേട്ട ദൈവ വചനം പോലെ, മനസ്സില്‍ എല്ലാം സംഗ്രഹിച്ചു വെച്ച ശേഷം ട്വീറ്റിങ്ങ് തുടരൂ…

1) പാനിക്
ഒരു കൊച്ചു ഫയര്‍ ഫോക്സ് എക്സ്റ്റന്‍ഷന്‍ ആണിത്. ആകെ ചെയ്യേണ്ടത് ഒരു പാനിക് യു ആര്‍ എല്‍ സെറ്റ് ചെയ്യുക എന്നതാണ്. ഉദാ:-http://msdn.microsoft.com/. പിന്നെ ഒരു കീ അസൈന്‍ ചെയ്തു കൊടുക്കുക. പിന്നെ മനസ്സിനെ ശാന്തമാക്കി ബ്രൌസിംഗ് തുടങ്ങുക. ഒരു 10 ട്വീറ്റ് ഇട്ടു കഴിയുമ്പോളായിരിക്കും ആരെങ്കിലും പിന്നില്‍ വരുന്നത്…ആ നിമിഷം തന്നെ നേരത്തെ സെറ്റ് ചെയ്ത കീ അമര്‍ത്തുക. ഞൊടിയിടയില്‍ എല്ലാം ക്ലോസ് ആയി നമ്മുടെ പാനിക് യു ആര്‍ എല്‍(http://msdn.microsoft.com/) പൊങ്ങി വരും.

എക്സ്റ്റന്‍ഷന്‍ ദാ ഇവിടെ കിട്ടും – https://addons.mozilla.org/en-US/firefox/addon/6367

2) മാജിക്‌ ബോസ്സ് കീ
തട്ടിപ്പ് കാണിക്കാനുള്ള അടുത്ത വിദ്യ. മാജിക്‌ ബോസ്സ് കീ എന്ന ഫ്രീവെയര്‍ ഉപയോഗിച്ച് കീ സെറ്റ് ചെയ്തു വെക്കുക. ആവശ്യം വരുമ്പോ ഭഗവാനെ ധ്യാനിച്ച് അമര്‍ത്തുക. അത് വരെ തുറന്നു വെച്ച എല്ലാ വിന്‍ഡോയും ഞൊടിയിടയില്‍ അപ്രത്യക്ഷമായിക്കൊള്ളും. പൊടി പോലും കണ്ടുപിടിക്കാന്‍ പറ്റില്ല. ഒന്ന് കൂടി കീ അമര്‍ത്തിയാല്‍ എല്ലാം വീണ്ടും പൊങ്ങി വന്നുകൊള്ളും.

ദാ കിടക്കുന്നു – http://www.magictweak.com/freeutil/magicboss/magicboss.php

3) ഹൈഡ് ടാബ്
വീണ്ടും ഒരു ഫയര്‍ ഫോക്സ് എക്സ്റ്റന്‍ഷന്‍. പതിവ് പോലെ പാനിക് യു ആര്‍ എല്‍ സെറ്റ് ചെയ്യുക. പിന്നെ Ctrl+Q അമര്‍ത്തിയാല്‍ അത് വരെ തുറന്നു വെച്ച ടാബുകള്‍ എല്ലാം സ്റ്റാറ്റസ് ബാറില്‍ ഒരു കുഞ്ഞു ഐക്കണ്‍ ആയി ഒളിഞ്ഞു കിടന്നോളും. പകരം നമ്മുടെ പാനിക് പേജ് പൊങ്ങി വരും. പിന്നെ Ctrl+Alt+Q അടിച്ചു എല്ലാത്തിനെയും പൊക്കി എടുക്കാം.

ഇവിടെ – http://hidetab.com/

4) വിന്‍ഡോസ്‌ ഹൈഡീ
ഒരു നിമിഷാര്‍ധം കൊണ്ട് അത് വരെ തുറന്ന വിന്‍ഡോസ്‌ അദൃശ്യമാക്കികളയും. അത് പോലെ തന്നെ സെറ്റ് ചെയ്ത കീ ഞെക്കുമ്പോള്‍ എല്ലാം പുനഃസ്ഥാപിക്കപ്പെടും.

ചുമ്മാ നോക്ക് – http://www.xigga.com/hidie/

5) ഡാഡ്’സ് എറൌണ്ട്
ഇതൊന്നും പറ്റില്ലെങ്കില്‍ വേറൊരെണ്ണ൦. കൂടുതല്‍ ഓപ്ഷ൯സ് ഉണ്ട്.

ഇവിടെ – http://elitefreeware.blogspot.com/2009/01/dads-around-is-simple-and-portable-boss.html

6) ഇത്രയും ആയ സ്ഥിതിക്ക് ഇവിടെ കൂടെ ഒന്ന് കയറിയിട്ട് പോ..

http://www.vanishd.com/

ഹാപ്പി ട്വീറ്റിങ്ങ്…!

ഗൂഗിള്‍ ഗോഗ്ഗിള്‍സ്!!!

എന്തൊക്കെ പറഞ്ഞാലും ഗൂഗിളിനെ സമ്മതിക്കണം…! ഇങ്ങനത്തെ കിടിലന്‍ ആശയങ്ങള്‍ കൊണ്ടു വരുന്നതിന്. ഗൂഗിള്‍ ഗോഗ്ഗിള്‍സ് – ഇതാണ് ഇവരുടെ പുതിയ ഐറ്റം… സേര്‍ച്ചിന്റെ കാര്യത്തില്‍ അവരെ വെല്ലാന്‍ കുറെ പേര്‍ അവതരിച്ചുവെങ്കിലും ഇപ്പോഴും ഒന്നാമത് അവര്‍ തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു…അതില്‍ ഒരു പടി കൂടി കടന്നു നില്‍ക്കുകയാണ് ഗോഗ്ഗിള്‍സ്. ഗൂഗിളിന്റെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്റോയിഡ് ഉപയോഗിക്കുന്ന ഫോണുകളില്‍ ലഭ്യമായ അപ്ലിക്കേഷന്‍ ആണിത്. വിഷ്വല്‍ സെര്‍ച്ച്‌ ആണിതിന്റെ പ്രത്യേകത. ഫോണിലെ ക്യാമറ ഉപയോഗിച്ച് സ്ഥാപനം, ഡി വി ഡി, പുസ്തകം, ബാര്‍ കോഡ്, പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തുടങ്ങി എന്തിന്റെയെങ്കിലും ചിത്രം എടുക്കുക – ഗൂഗിള്‍ അവയെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കും…! GPS ഫലപ്രദമായി ഉപയോഗിക്കുന്നത് വഴി സ്ഥലങ്ങളെ പറ്റി കൃത്യമായ വിവരങ്ങള്‍ തന്നെ നല്‍കാന്‍ ഗോഗ്ഗിള്സിനു കഴിയും.

ഈ വീഡിയോ നോക്കൂ…

നാളെ നിങ്ങളുടെ സുഹൃത്തിന്റെ ഫോട്ടോ എടുത്താല്‍ ഗൂഗിള്‍ എന്തൊക്കെ വിവരങ്ങളാകും  നല്‍കാന്‍ പോകുന്നത്?

ചില ചിത്രങ്ങള്‍ (പി സി വേള്‍ഡില്‍ നിന്ന് ചൂണ്ടിയത്)


ഗുഡ് ബൈ മിനിനോവ !!

അങ്ങനെ മിനിനോവയുടെ കാര്യവും തീരുമാനമായി… ലോകത്തിലെ ഏറ്റവും വലിയ ടൊറ൯റ് ഭീമനായിരുന്ന മിനിനോവ പകര്‍പ്പവകാശമുള്ള ടൊറന്റുകള്‍ എല്ലാം നീക്കം ചെയ്ത് ‘ക്ലീന്‍’ ആയിപ്പോയി…

ഡച്ച് ആന്റി പൈറസി സംഘടന ആയ BREIN മായുള്ള കേസില്‍ തോറ്റതിന്റെ പരിണിത ഫലം…
അഞ്ചു വര്‍ഷക്കാലം നീണ്ട ഒരു യുഗം അങ്ങനെ അവസാനിച്ചു. ഡിസംബര്‍ 2004 ല്‍  മറ്റൊരു ഭീമനായ സൂപ്പര്‍നോവ അകാലചരമമടഞ്ഞപ്പോള്‍ ഉയിര്‍ത്തു വന്ന നിരവധി സൈറ്റുകളില്‍ ആള്‍ക്കാര്‍ വരവേറ്റത് മിനിനോവയെ ആയിരുന്നു. സൂപ്പര്‍നോവ പൂട്ടി ഒരു മാസമാകാറായപ്പോള്‍, അഞ്ചു ഡച്ച് വിദ്യാര്‍ഥികള്‍ തുടങ്ങി വെച്ചതാണ് മിനിനോവ. തമാശക്ക് തുടങ്ങിയതാണെങ്കിലും പിന്നീട് മില്യന്‍ കണക്കിന് ഡോളറുകള്‍ വരുമാനമുണ്ടാക്കുന്ന സൈറ്റായി മാറി. പ്രശസ്തമായപ്പോള്‍ പുറകെ പ്രശ്നങ്ങളും എത്തിത്തുടങ്ങി . ഒടുവില്‍ ടൊറന്റുകള്‍ നീക്കം ചെയ്യുക അല്ലെങ്കില്‍ 5 മില്യന്‍ ഡോളര്‍ ഫൈന്‍ അടക്കുക എന്നായപ്പോള്‍ ടൊറന്റുകള്‍ നീക്കം ചെയ്തു. ബിറ്റ്ടൊറ൯റ് എന്താണെന്നു അറിയാവുന്ന എല്ലാവരും ഒരിക്കലെങ്കിലും മിനിനോവ ഉപയോഗിച്ചിട്ടുണ്ടാകും. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതൊന്നുമല്ല, എന്റെ ഒരു അനുമാനം മാത്രം!
മിനിനോവ  തട്ടി പോയതിന്റെ അനുശോചനകുറിപ്പല്ല ഈ പോസ്റ്റ്‌, മറിച്ച് ഈ നഷ്ടം നികത്താനുള്ള വഴികളെ കുറിച്ചാണ്. ഫെഡോറ, ഉബുണ്ടു, ഓപ്പണ്‍സൂസെ തുടങ്ങിയവ കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്ന പാവം ബിറ്റ്ടൊറ൯റ് ഉപയോക്താക്കള്‍ക്ക് വേണ്ടി ഇതാ കുറച്ചു സൈറ്റുകള്‍…!
 1. VerTor – എല്ലാം കൊള്ളാവുന്നത് തന്നെ എന്നുറപ്പ് വരുത്തിയ ടൊറന്റുകള്‍ മാത്രം ആണിവിടെ .
 2. Monova – മിനിനോവയില്‍ നിന്ന് ചേക്കേറുന്നവ൪ക്കായി അവരുടെ യൂസ൪ നെയിമുകള്‍ ഒക്കെ ഇവിടെ സൂക്ഷിച്ചു റെഡി ആക്കി വെച്ചിട്ടുണ്ട്.
 3. isoHunt – 1.7 മില്യന്‍ ടൊറന്റുകളുടെ ഇ൯ഡെക്സ്
 4. The Pirate Bay – സ്വീഡനില്‍ നിന്നുള്ള (കു)പ്രശസ്തമായ സൈറ്റ്.
 5. BTJunkie – നിയമപരമായ പ്രശ്നങ്ങള്‍ കാരണം ഈയിടെ കാനഡയിലേക്ക് മാറി.
 6. Fenopy
 7. Kickass Torrents
 8. ExtraTorrent
 9. ShareReactor
 10. TorrentZap

വെറുതെ ഒന്ന് അറിഞ്ഞിരിക്കാന്‍ മാത്രമാണീ ലിസ്റ്റ്… അല്ലാതെ സിനിമ ഒന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ പോയേക്കല്ലേ… 🙂